
കൊച്ചി: സംവിധായകൻ ആഷിഖ് അബു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സിനിമാ മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ അദ്ദേഹം എന്തുചെയ്‌തെന്നു ചോദിച്ച ആഷിഖ് അബു, ഉണ്ണികൃഷ്ണൻ്റെ നിലപാട് തികഞ്ഞ കാപട്യമാണെന്നും കൂട്ടിച്ചേർത്തു.
യൂണിയൻ നിലപാടല്ല ഫെഫ്ക പുറത്തിറക്കിയ വാര്‍ത്ത കുറിപ്പെന്നും, ഉണ്ണിക്കൃഷ്ണനെ സിനിമാ നയരൂപീകരണസമിതിയില്‍ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ നേതൃത്വത്തിലുള്ളവർ ശ്രമിക്കുന്നത് നയരൂപീകരണവും, അടിസ്ഥാനസൗകര്യവുമാണ് പ്രധാന പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജപ്രതീതി സൃഷ്ടിക്കാനാണെന്ന് പറഞ്ഞ ആഷിഖ്, ഗൗരവകരമായ വിഷയങ്ങളെപ്പറ്റിയൊന്നും പറയാതെ മനഃപൂര്‍വം ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ് ഇതെന്നും കുറ്റപ്പെടുത്തി.
തൊഴിൽ നിഷേധത്തിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ, തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രബലരെ തുണയ്ക്കുന്നുവെന്ന് പറഞ്ഞ ആഷിഖ് അബു, നട്ടെല്ലുണ്ടെങ്കിൽ അദ്ദേഹം പൊതുമധ്യത്തിൽ പ്രതികരിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. ഇടതുപക്ഷമെന്ന് നടിച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഉണ്ണികൃഷ്ണൻ്റെ നിശബ്ദത 21 സംഘടനകളുള്ള വലിയൊരു സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഫെഫ്കയുടെ നിശബ്ദതയായി കാണരുതെന്നാണ് ആഷിഖ് അബു അറിയിച്ചത്.