
കൊച്ചി: നാളെ നടക്കാനിരുന്ന മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. യോഗം മാറ്റിവച്ചരിക്കുന്നത് നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യം നേരിട്ടതിനാലാണ്.
നടന്‍ സിദ്ദിഖ് ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ചതിനാൽ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായാണ് അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. കൊച്ചിയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്.
താൽക്കാലിക ചുമതല നൽകിയിരിക്കുന്നത് ജോയിൻ്റ് സെക്രട്ടറി ബാബുരാജിനാണ്. സംഘടന പല താരങ്ങൾക്കും നേരെയുണ്ടാകുന്ന ആരോപണങ്ങളെത്തുടര്‍ന്ന് കടുത്ത പ്രതിരോധത്തിലാണ്. സിദ്ദിഖ് ഊട്ടിയിൽ നിന്ന് സിനിമാ ചിത്രീകരണം പൂർത്തിയാക്കി ഇന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നതായാണ് വിവരം.
അതേസമയം, വൈറ്റില സ്വദേശി നടൻ സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണം എന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ഇത്തരത്തിൽ മലയാള സിനിമയിലെ കൊമ്പന്മാർക്കെതിരെ ആരോപണമുയർന്നതോടെ അന്വേഷണത്തിനായി സര്‍ക്കാര്‍ ഐ പി എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു. ഇതോടെ സംഘടനയും തീരുമാനിച്ചിരിക്കുന്നത് പൂർണ്ണമായും നിയമത്തിൻ്റെ വഴിയിലൂടെ നീങ്ങാനാണ്