മാറി നില്‍ക്കുന്ന കാര്യത്തില്‍ മുകേഷ് സ്വയം തീരുമാനമെടുക്കട്ടെ: ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ | allegation against Actor Mukesh
തിരുവനന്തപുരം: നടനും എം എൽ എയുമായ എം മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും. തീരുമാനം ആരോപണവിധേയവരായവരെ മാറ്റണമെന്ന സി പി എം നിര്‍ദേശമനുസരിച്ചാണ്. പ്രതിപക്ഷം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടാരുന്നു.
അതേസമയം, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ മാറി നില്‍ക്കുന്ന കാര്യത്തില്‍ മുകേഷ് സ്വയം തീരുമാനമെടുക്കട്ടെയെന്ന് പ്രതികരിച്ചു. സര്‍ക്കാരിൻ്റെ നിര്‍ദേശത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ ഷാജി എൻ കരുൺ, ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
ഷാജി എൻ കരുൺ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെയും, പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിൻ്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു.എന്നാൽ, ആരോപണവിധേയൻ ആയ മുകേഷ് ഈ സമിതിയിൽ തുടരുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയായിരുന്നു.
സമിതി ചെയർമാൻ ഷാജി എൻ കരുണും, സമിതി കൺവീനർ സാംസ്‌ക്കാരികവകുപ്പ് സെക്രട്ടറി മിനി ആൻ്റണിയുമാണ്. മറ്റു അംഗങ്ങൾ സി പി എം എം എല്‍ എയും നടനുമായ മുകേഷ്, മഞ്ജുവാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരായിരുന്നു. കമ്മിറ്റിയിൽ നിന്ന് പിൻവാങ്ങുന്നതായി മഞ്ജു വാര്യരും, രാജീവ് രവിയും സർക്കാരിനെ അറിയിച്ചു.