
ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ പൊലീസിനും സർക്കാരിനുമെതിരെ സുപ്രീംകോടതിയിൽ നടൻ സിദ്ദിഖ്. നടൻ കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത് പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്നാണ്.(Actor Siddique in SC )
പുതിയ കഥകൾ ഉണ്ടാക്കുന്നുവെന്നും, ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.
ബലാത്സംഗക്കേസിൽ ആരോപണങ്ങൾ വളച്ചൊടിക്കുന്നുവെന്ന് പറയുന്ന സിദ്ദിഖ്, താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയാണെന്നും, തനിക്ക് ജാമ്യം നൽകിയാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു.
കേസ് രജിസ്റ്റർ ചെയ്യാനായി എട്ടര വർഷം കാലതാമസമുണ്ടായാൽ പോലീസിൻ്റെ വാദം നിലനിൽക്കില്ലെന്നും, ഡബ്ല്യു സി സി അംഗമെന്ന നിലയിൽ പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുൻപിൽ തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും പറയുന്ന സിദ്ദിഖ്, പോലീസിൻറേത് നീതിക്ക് നിരക്കാത്ത നടപടിയാണെന്നും സുപ്രീംകോടതിയിൽ വ്യക്തമാക്കി. തനിക്കെതിരെ പോലീസ് മാധ്യമ വിചാരണയ്ക്ക് അവസരം ഒരുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
നാളെ കേസ് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.