
കൊച്ചി: രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡി ജി പിക്കാണ് നടൻ പരാതി നൽകിയിരിക്കുന്നത്. സിദ്ദിഖ് നൽകിയ പരാതിയിൽ പറയുന്നത് തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നാണ്. അതോടൊപ്പം, വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
നടി ആരോപണവുമായെത്തിയതിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടതായി വന്നിരുന്നു. അതേസമയം വൈറ്റില സ്വദേശി സിദ്ദിഖിനെതിരെ പരാതി നൽകിയിരുന്നു. പോക്‌സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സിദ്ദിഖ് രാജി വച്ചതിനെത്തുടർന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായി നാളെ നടത്താൻ തീരുമാനിച്ചിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിട്ടുണ്ട്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യം നേരിട്ടതിനാലാണ് യോഗം മാറ്റിവച്ചത്.