
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത് ഇത് രണ്ടാം തവണയാണ്.( Actor Siddique )
ഈ ചോദ്യം ചെയ്യലിലും നടൻ സഹകരിച്ചില്ലെന്നാണ് പോലീസ് അറിയിച്ചത്. ഇയാളുടെ ഫോണുൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നും ഇയാൾ ഇത് ഹാജരാക്കിയിട്ടില്ല.
2016 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അതിപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും, തൻ്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പോലീസിനോട് പറഞ്ഞത്.
ഇത്തരം രേഖകൾ ഉണ്ടെങ്കിൽ മാത്രമേ ചോദ്യംചെയ്യൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അതിനാൽ, നടനെ ചോദ്യംചെയ്യുന്നത് തൽക്കാലം അവസാനിപ്പിക്കുന്നുവെന്ന നിലപാടിലാണ് പോലീസ്.
ഇയാളുടെ മുൻകൂർ ജാമ്യം തള്ളണമെന്നും, കസ്റ്റഡിയിൽ വേണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങൾ പോലീസ് സുപ്രീംകോടതിയിൽ ഉന്നയിക്കും. സിദ്ദിഖിനെ ചോദ്യംചെയ്തത് ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ കണ്‍ട്രോള്‍ റൂമിൽ ആയിരുന്നു ഇത്.
സുപ്രീംകോടതി നടൻ്റെ കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.