‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍, ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു’: ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ച് ജയസൂര്യ | Actor Jayasurya
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ചോദ്യംചെയ്യലിന് ശേഷം പ്രതികരണമറിയിച്ച് നടൻ ജയസൂര്യ.(Actor Jayasurya )
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പീഡനാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജയസൂര്യ പറഞ്ഞു.
തനിക്ക് ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദമില്ലെന്നും, കണ്ടുപരിചയം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയുടെ പ്രതികരണം തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്‍കി തിരികെ പോകുന്നതിനിടയിൽ മാധ്യമങ്ങളോട് ആയിരുന്നു.
തനിക്ക് പറയാനുള്ള സ്പേസ് മാധ്യമങ്ങൾ തരുന്നുണ്ടെന്നും,എന്നാൽ ഇതൊരു സാധാരണക്കാരനായിരുന്നുവെങ്കിൽ അയാളുടെ കുടുംബം തകരുമായിരുന്നുവെന്നും പറഞ്ഞ ജയസൂര്യ, അയാളുടെ കുടുംബത്തിന് മുന്നിൽ അയാളുടെ ഇമേജ് തന്നെ പോകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ആരോപണം പൂർണമായും നിഷേധിക്കുന്നുവെന്ന് പറഞ്ഞ ജയസൂര്യ താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും പ്രതികരിച്ചു.
2019, 2020, 2021 വർഷങ്ങളിൽ ആരുമറിയാതെ നന്മ ചെയ്യുന്നയാൾ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ഇവർ ഇപ്പോൾ എന്തിനാണ് വ്യാജ ആരോപണവുമായി വരുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
അവരെന്തെങ്കിലും പറഞ്ഞാൽ അതിന് താൻ ഉത്തരം പറയേണ്ടതില്ല എന്ന് പറഞ്ഞ അദ്ദേഹം, പോലീസിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.