കന്യാകുമാരിയിൽ ട്രെയിൻ എത്തിയ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചു: ദൃശ്യങ്ങളിൽ 13കാരിയില്ല | Assamese girl missing from Thiruvananthapuram
തിരുവനന്തപുരം: അസം സ്വദേശിനിയായ 13കാരി തസ്മിദിനെ കഴക്കൂട്ടത്ത് നിന്ന് കാണാതായ സംഭവത്തിൽ റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചത് കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്.
കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത് ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്‌പ്രസിലാണ്. വൈകിട്ട് 3.30നാണ് ട്രെയിൻ കന്യാകുമാരിയിലെത്തിയത്. 3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. എന്നാൽ, ഇതിൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധിച്ചത് ട്രെയിനെത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങളുൾപ്പെടെയാണ്.
നിലവിൽ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പുലർച്ചെ കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയെ കണ്ടതായാണ് ഓട്ടോ ഡ്രൈവർമാർ നൽകിയ മൊഴി. പോലീസ് തിരച്ചിൽ നടത്തുന്നത് ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
കുട്ടിയെ കാണാതായിട്ട് 20 മണിക്കൂറുകളിലധികം കഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ഇതുവരെയും കണ്ടെത്താനായിട്ടില്ല. കന്യാകുമാരി ബീച്ചിലുൾപ്പെടെ പരിശോധന നടത്തുകയാണ്. കുട്ടി തിരികെ തിരുവനന്തപുരത്ത് എത്താനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. അതിനാൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലടക്കം പരിശോധന നടത്തുന്നുണ്ട്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനടി പോലീസിൽ വിവരം അറിയിക്കേണ്ടതാണ്. 9497960113 , 9497980111 എന്നിവയാണ് അറിയിക്കേണ്ട നമ്പരുകൾ. കുട്ടിയുടെ കുടുംബം ഒരു മാസമായി കഴക്കൂട്ടത്ത് താമസിച്ച് വരികയാണ്.