
ലഖിംപൂർ ഖേരിയിൽ പുള്ളിപ്പുലിയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ഒരാൾ രക്ഷപ്പെടുന്ന അത്ഭുതം ഉളവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു(leopard). അതും യാതൊരു വിധ ആയുധങ്ങളുമില്ലാതെ തൻ്റെ കൈകരുത്ത് ഒന്നുകൊണ്ടു മാത്രമാണ് അയാൾ പുലിയെ നേരിടുന്നത്.
തിങ്കളാഴ്ച രാവിലെ ജുഗ്‌നൂപൂർ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലാണ് സംഭവം നടന്നത്. ഗിർധാരി പൂർവയിൽ നിന്നുള്ള തൊഴിലാളിയായ മിഹിലാൽ ചൂളയിൽ ജോലിക്ക് പോയിരുന്നു. എന്നാൽ ചൂളയുടെ ചിമ്മിനിയിൽ അയാൾ അറിയാതെ ഒരു പുള്ളിപ്പുലി കയറിക്കൂടിയിരുന്നു. മിഹിയാൽ ചൂളയ്ക്ക് അടുത്തേക്ക് അടുത്തതും പുളളിപുലി പുറത്തേക്ക് ചാടി. അയാളുടെ അടുത്ത് ആയുധമായി ഒരു വടിയോ കല്ലോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ അയാൾ തൻ്റെ മനക്കരുത്ത് കൊണ്ടും കൈക്കരുത്ത് കൊണ്ടും പുള്ളിപ്പുലിയെ തള്ളിയും ചവിട്ടിയും തിരിച്ചടിച്ചു. മാത്രമല്ല; അവന്റെ നിലവിളിയും ബഹളവും കേട്ട് സമീപത്തെ കൃഷിയിടങ്ങളിൽ നിന്ന് ഗ്രാമീണർ ഓടിയെത്തി. മിഹിലാലിനെ ആക്രമിക്കുന്ന പുള്ളിപ്പുലിക്ക് നേരെ ഇഷ്ടികകളും കല്ലുകളും എറിയാൻ തുടങ്ങി. പുള്ളിപ്പുലി ഒടുവിൽ മിഹിലാലിനെ വിട്ടയച്ച് അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഓടിപ്പോയി.
ഗ്രാമവാസികൾ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുളളിപുലി വീണ്ടും അക്രമാസക്തമായി. ഇതിൽ 5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് വലിയൊരു സംഘം തന്നെ പുള്ളിപ്പുലിയെ പിടികൂടാനെത്തി ദൗത്യം വിജയകരമായി പൂർത്തിയാക്കി. അതേസമയം ഗുരുതരമായി പരിക്കേറ്റ മിഹിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.