

കൊളംബിയയിലെ ഒരു റസ്‌റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന രസകരമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്(Women Fight). രണ്ട് യുവതികള്‍ തമ്മില്‍ ഒരു കോഴിക്കാലിന് വേണ്ടി തല്ലുകൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലായി കഴിഞ്ഞു. "കൊളംബിയ ഓസ്‌ക്യൂറ" എന്ന എക്‌സ് പേജിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സംഭവം നടന്നത് കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു പ്രാദേശിക കോഴിക്കടയിലാണ്.
ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങുന്നത്. യുവതി, തന്റെ കാമുകന്‍ സമ്മാനിച്ച കോഴിക്കാലാണതെന്ന് പറഞ്ഞ് മറ്റേ യുവതിയെ അടിക്കുകയായിരുന്നു. ശേഷം അത് വലിയ വഴക്കായി മാറുകയാണ്. പരസ്പരം മുടി പിടിച്ച് വലിച്ചും വയറ്റില്‍ ചവിട്ടിയും പരസ്പരം തള്ളിയിട്ടും അതൊരു വലിയ പോരാട്ടമായി മാറി.
മാത്രമല്ല; നിലത്തുവീണിട്ടും തല്ലുകൂടിയ ഇവർ സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് തല്ല് ആസ്വദിക്കുകയായിരുന്ന ഒരാളുടെ ടേബിളും ചവിട്ടിത്തെറിപ്പിച്ചു. ഈ സമയം ആരും യുവതികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നില്ല. എന്നാൽ പലരും യുവതികളുടെ വഴക്കിന്റെ വീഡിയോ പകര്‍ത്തി. ഇത്തരത്തിൽ ചിലര്‍ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏഴാം തീയതി പങ്കുവയ്ക്കപെട്ടിരുന്നു. ആ വീഡിയോ ഇതിനകം 8 ലക്ഷത്തിന് മുകളില്‍ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. രസകരമായ ഈ വീഡിയോ ഇപ്പോഴും വൈറലായി തുടരുകയാണ്.