
ബാംഗ്ലൂരിലെ സിറ്റി മാർക്കറ്റ് ഏരിയയിൽ ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് ഒരു സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും അവരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു( attack against Woman). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @rajanna_rupesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കടയിൽ നിന്ന് സ്ത്രീയെ റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരു പുരുഷനെ കാണാം. അയാൾ കടുത്ത ദേഷ്യത്തോടെ സ്ത്രീയെ തുടർച്ചയായി മർദിക്കുന്നു. എന്നാൽ, മർദനം നിയന്ത്രണം വിട്ടുപോകുന്നതുവരെ ആരും ആ പുരുഷനെ തടയുന്നതായി കാണുന്നില്ല. അയാൾ സ്ത്രീയുടെ ദേഹമാസകലം പലതവണ ചവിട്ടുന്നുണ്ട്. നിസ്സഹായയായ സ്ത്രീ തന്നെ വിടാൻ അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീയെ പുരുഷന്മാർ ആക്രമിക്കുന്നതിന്റെ കാരണം വ്യക്തമല്ല.
അതേസമയം, ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺമാർക്കിടയിൽ പ്രതിഷേധം ആളിക്കത്തി. സ്ത്രീയെ മർദിച്ച പുരുഷന്മാർക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു.