
മഹാരാഷ്ട്രയിൽ ഒളിഞ്ഞും തെളിഞ്ഞും ഭാഷയുദ്ധം മുറുകുമ്പോൾ ഭാഷ വിവേചനം പരസ്യമായ രഹസ്യമായി മാറുന്നു. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് ദിനം പ്രതി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.അത്തരത്തിൽ ഒരു വീഡിയോ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എക്‌സിൽ @VigilntHindutva എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
മുംബൈയിലെ ഘാട്‌കോപ്പർ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ഒരു ചെറിയ പലഹാര കടയിലെ ഒരു തൊഴിലാളിയോട് ഒരു ഉപഭോക്താവ് മറാത്തി സംസാരിക്കാൻ ആവശ്യപ്പെടുന്നത് കാണാം. പലഹാരം പായ്ക്ക് ചെയ്യുന്നതിനിടയിൽ, ആ മനുഷ്യൻ കടക്കാരനോട് മറാത്തി പഠിക്കാൻ ആവശ്യപ്പെടുന്നു. അതിന് മറുപടിയായി അയാൾ "ഉപ്പ് കാ ഹൂം" എന്ന് പറയുന്നു. വീഡിയോ റെക്കോർഡ് ചെയ്തയാൾ പിന്നീട് മറാത്തി പഠിക്കുന്നോ അതോ കട അടയ്ക്കുന്നോ എന്ന് ചോദിക്കുന്നു.
നാളെ മുതൽ മറാത്തി സംസാരിച്ചില്ലെങ്കിൽ കട അടച്ചുപൂട്ടുമെന്ന് അയാൾ തൊഴിലാളിയെ ഭീഷണിപ്പെടുത്തി. അതിന് മറുപടിയായി "ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരാൾക്ക് എങ്ങനെ മറാത്തി പഠിക്കാൻ കഴിയും?" എന്ന് കടക്കാരൻ സൗമ്യമായി ചോദിക്കുന്നു. അതിന് മറുപടിയായി അയാൾ തൊഴിലാളിയെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. മാത്രമല്ല; അയാൾ തൊഴിലാളിയോട് മറാത്തി പഠിച്ചോ ഇല്ലയോ എന്ന് പരിശോധിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ് നൽകി മടങ്ങുന്നു.
മുഴുവൻ ദൃശ്യങ്ങളിലും ജോലിക്കാരൻ മാന്യമായി പ്രതികരിക്കുന്നതാണ് കാണാൻ കഴിയുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു പുതിയ ഭാഷ പഠിക്കുന്നത് പ്രായോഗികമല്ലെന്ന് ഏതൊരാൾക്കും അറിയാം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഒന്നടങ്കം കടക്കാരനൊപ്പം ചേർന്നു. നിരവധി പ്രതികരണനകളാണ് ഇപ്പോഴും വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.