
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ ഓർമ്മ പുതുക്കലാണ് മെയ് 1 ലെ ഓരോ തൊഴിലാളി ദിനവും. ഇന്നേ ദിവസം ലോകത്തെ 80 ഓളം രാഷ്ട്രങ്ങളാണ് തൊഴിലാളികൾക്ക് ശമ്പളത്തോടെയുള്ള അവധി നൽകിയും മറ്റും ആഘോഷിച്ചു പോരുന്നത്. എന്നാൽ ഈ വർഷത്തെ തൊഴിലാളി ദിനത്തിൽ ഒരാൾ നടത്തിയ ഒരു സാമൂഹിക പരീക്ഷണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
നാഗ്പൂരിൽ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. "തൊഴിലാളി ദിനം. നാഗ്പൂരിലെ സാമൂഹിക അനുഭവം" എന്ന അടിക്കുറിപ്പോടെ നാഗ്പൂർ പ്രാങ്ക് ടിവി എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ, തൊഴിലാളിയെപ്പോലെ വസ്ത്രം ധരിച്ച് ഒരാൾ, തന്റെ പേഴ്‌സ് നഷ്ടപ്പെട്ടതിനാൽ വീട്ടിലേക്ക് മടങ്ങാൻ 20 രൂപ ലഭിക്കുമോ എന്ന് ആളുകളോട് ചോദിക്കുന്നതാണ് ആദ്യത്തെ ദൃശ്യങ്ങളിൽ കാണാനാവുക. എന്നാൽ ആരും അയാളെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല; അവഗണിക്കുകയും ചെയ്യുന്നു.
എന്നാൽ അടുത്ത ദൃശ്യങ്ങളിൽ അതെ ആൾ തന്നെ പാന്റും സ്യൂട്ടും ധരിച്ച് എത്തി "പേഴ്‌സ് നഷ്ടപ്പെട്ടതിനാൽ വീട്ടിലേക്ക് മടങ്ങാൻ 20 രൂപ ലഭിക്കുമോ" എന്ന് ചോദിക്കുമ്പോൾ പലരും കൊടുക്കാൻ തയ്യാറാകുന്നു. അങ്ങനെ ലഭിച്ച 20 രൂപ അദ്ദേഹം ക്യാമറയ്ക്കു നേരെ ഉയർത്തി കാട്ടുകയും ചെയ്യുന്നുണ്ട്. ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തിയ ഈ വീഡിയോയ്ക്ക് താഴെ നിരവധി പ്രതികാരങ്ങളാണ് വന്നത്. പലരും "തൊഴിലാളികളെ ബഹുമാനിക്കുക'' എന്ന നിർദേശമാണ് മുന്നോട്ടു വച്ചത്.