
പ്രേതം നമുക്ക് ഭയമുള്ള കാര്യം തന്നെയാണ്. അതിലേറെ ഭയമുള്ളതും, എന്നാൽ അതേ അളവിൽ ആകാംക്ഷയുണർത്തുന്നതുമായ സംഭവമാണ് പ്രേതബാധയുള്ളതെന്ന് കരുതപ്പെടുന്ന സ്ഥലങ്ങൾ. യാത്രകൾ ഇഷ്ടപ്പെടുന്ന പലരും ഇത്തരം സ്ഥലങ്ങൾ അന്വേഷിച്ച് കണ്ടെത്താറുണ്ട്. ഒരിക്കലും താമസിക്കാൻ കഴിയാത്തതായി അറിയപ്പെടുന്ന രാജസ്ഥാനിലെ ഭാൻഗർഹ് കോട്ട ഇതിന് ഉത്തമ ഉദാഹരണമാണ്.
എന്നാൽ ഡൽഹിയിലുമുണ്ട് ഇത്തരത്തിലൊരു പ്രേതാലയം. തുഗ്ലക്കാബാദ് കോട്ടയാണ് അത്. ഇവിടെ രാത്രിയിൽ ദുഷ്ടശക്തികൾ കാണപ്പെടുന്നതായാണ് ആളുകളുടെ വിശ്വാസം. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'ഭാർഗ്ഗവീ നിലയം' പോലെ ഒട്ടനവധി ഓർമ്മകളുറങ്ങിക്കിടക്കുന്ന, ജനങ്ങൾ ഭയപ്പെടുന്ന ഒരു കോട്ട..
രാജസ്ഥാനിലെ ഭാൻഗർഹ് കോട്ട പോലെ തന്നെ മനുഷ്യ ചിന്തകൾക്കതീതമായി എന്തോ ഒന്നിനാൽ വേട്ടയാടപ്പെടുന്ന കോട്ടയാണ് തുഗ്ലക്കാബാദ് കോട്ടയെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. കുത്തബ് മിനാറിൽ നിന്ന് വെറും എട്ട് കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യപ്പെടുന്നത്.
ഈ കോട്ട 1325-ൽ ഗിയാസുദ്ദീൻ തുഗ്ലക്ക് നിർമ്മിച്ച തുഗ്ലക്ക് രാജവംശത്തിൻ്റെ പ്രതീകമാണ്. അക്കാലത്തെ ഇസ്ലാമിക് വാസ്തുവിദ്യയുടെ അത്യുത്തമ ഉദാഹരണം തന്നെയാണിത്. ഇപ്പോൾ അത് നശിച്ച നിലയിലാണെന്ന് മാത്രം.
നാല് വർഷമെടുത്ത് നിർമ്മിച്ച ഈ കോട്ട ഒരു സൂഫിയുടെ ശാപം മൂലം ഒരിക്കലും പൂർത്തിയാകാതെ വരികയായിരുന്നു. ഏകദേശം ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോട്ട സന്ദർശിക്കാൻ വിദൂരങ്ങളിൽ നിന്നുപോലും പലരും എത്തുന്നു.
കോട്ടയിലെ ദുഷ്ടശക്തികളുടെ സത്യമറിയാൻ അവിടുത്തെ ഗാർഡുമായി സംസാരിച്ച ഒരു ദേശീയ മാധ്യമത്തിന് ലഭിച്ച മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. താൻ അത്തരത്തിൽ ഒന്നിനെയും അവിടെ കണ്ടിട്ടില്ലെന്നാണ് അയാൾ പറഞ്ഞത്.
കോട്ട സന്ദർശനത്തിന് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കോട്ടയുടെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ സാകേത് ആണ്.