പാലത്തിൽ തൂങ്ങിയാടി ട്രക്ക്; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ; വീഡിയോ വൈറലാകുന്നു | Truck
തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഹൈവേ പാലത്തിനരികിൽ ഒരു ലോറി അപകടത്തിൽപെട്ടതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Truck). സംഭവത്തിന്റെ വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. മൾട്ടി ബ്ലോഗിങ്ങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Reuters എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ സുനി നഗരത്തിലെ സിയാമെൻ-ചെങ്ഡു എക്സ്പ്രസ് വേയുടെ ഭാഗമായ പാലമാണ് കാണാനാവുന്നത്. പാലത്തിൽ ഡ്രൈവറുമായി ഒരു ചരക്ക് ട്രക്ക് തൂങ്ങിക്കിടക്കുന്നതും കാണാം. ട്രക്കിന്റെ മുൻവശത്തെ ക്യാബിൻ നിലംതൊടാതെ വായുവിൽ അപകടകരമായി തൂങ്ങി ആടുകയാണ്. എന്നാൽ സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ട്രക്കിന്റെ മേൽക്കൂരയിലേക്ക് ഒരു ഗോവണി എറിഞ്ഞ് ഡ്രൈവറെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് വിവരം. അവിശ്വസനീയമായ രക്ഷപെടലാണ് സംഭവിച്ചതെന്നാണ് ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് ഒന്നടങ്കം പ്രതികരിച്ചത്.

