
ഗുഹാമനുഷ്യരെ പറ്റി നാം ധാരളം കേട്ടിട്ടുണ്ടല്ലേ? എന്നാൽ, അങ്ങനൊരാളെ കാണാൻ അവസരം കിട്ടിയാലോ(caveman)? അതും ഭൂമിയിലെ തന്നെ അവസാന ഗുഹാമനുഷ്യന്റെ ദൃശ്യങ്ങൾ ആണെങ്കിലോ? അതെ, ഭൂമിയിലെ അവസാന ഗുഹാമനുഷ്യന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. യാത്രാ വ്ലോഗറായ @colinduthie ആണ് ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിട്ടത്.
ഭൂമിയിലെ അവസാന ഗുഹാമനുഷ്യൻ യെമനിൽ ജീവിച്ചിരിക്കുന്ന 62 വയസുള്ള ആലിയ ആണെന്ന് വ്ലോഗർ അവകാശപ്പെടുന്നു. സൊകോത്ര തീരത്തുള്ള ഒരു ഗുഹയിൽ സമാധാനപരവും സ്വയംപര്യാപ്തവുമായ ജീവിതം നയിക്കുകയാണ് അയാൾ. യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രകൃതിയെയും കടലിനെയും ആശ്രയിച്ചാണ് ഇയാൾ ജീവിക്കുന്നത്.
"ഇത് ഭൂമിയിലെ അവസാനത്തെ ഗുഹാമനുഷ്യനായിരിക്കാം. യെമനിലെ 62 വയസ്സുള്ള ഗുഹാമനുഷ്യനായ ആലിയയെ കാണുക. സോകോത്രയിലെ പാറക്കെട്ടുകളുടെ തീരത്താണ് അദ്ദേഹം താമസിക്കുന്നത്. 2025 ൽ ഒരു ഗുഹാമനുഷ്യനെ കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? അവൻ ഒരു ഗുഹയിൽ ഉറങ്ങുന്നു, കൈകൊണ്ട് മീൻ പിടിക്കുന്നു, മണൽ പോലെ കൂർത്ത പാറയിൽ നഗ്നപാദനായി നടക്കുന്നു. അവന്റെ ദിവസങ്ങൾ അളക്കുന്നത് സമയമല്ല, വേലിയേറ്റമാണ്. ഫോണില്ല. വൈദ്യുതിയില്ല. കാറ്റിന്റെയും വെള്ളത്തിന്റെയും താളം മാത്രം. എന്നിട്ടും, നമ്മളിൽ മറ്റുള്ളവർ മറന്നുപോയ എന്തോ ഒന്ന് അവനറിയുന്നതുപോലെ അവൻ പുഞ്ചിരിക്കുന്നു" - എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി വ്ലോഗർ നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ മിക്ക കോടീശ്വരന്മാരേക്കാളും സന്തോഷവാനും സമ്പന്നനുമാണ് ആലിയ എന്ന് നെറ്റിസൺസ് വിശേഷിപ്പിച്ചു.