
തീവണ്ടിയുടെ ലോക്കോമോട്ടീവ് ക്യാബിനിൽ മദ്യപിച്ച് അബോധാവസ്ഥയിലായ പൈലറ്റ് തീവണ്ടി നിർത്തിയ സംഭവത്തിന്റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നു(train). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @lokeshRlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഡൽഹിയിൽ നിന്ന് ഷംലിയിലേക്കുള്ള ഒരു പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ബാഗ്പത്തിലെ അലവൽപൂർ ഹാൾട്ട് എത്തിയപ്പോഴേക്കും അപ്രതീക്ഷിതമായി നിന്നു. ഏകദേശം 40 മിനിറ്റോളം തീവണ്ടി നിർത്തിയിട്ടതിൽ സംശയം തോന്നിയ യാത്രികർ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മദ്യപിച്ച് അബോധാവസ്ഥയിലായ പൈലറ്റിനെ കണ്ടെത്തിയത്.
സംഭവം കണ്ട് ഞെട്ടിയ യാതക്കാർ ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങളിൽ ക്യാബിനിനുള്ളിൽ ഒരു മദ്യക്കുപ്പിയിരിക്കുന്നത് കാണാം. അമിതമായി മദ്യപിച്ചതിനാൽ പൈലറ്റിന് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉന്നയിച്ച് നെറ്റിസൺസ് രംഗത്തെത്തി.