സ്ത്രീധനം, വിവാഹച്ചെലവ്, വിവാഹിതരായ സ്ത്രീകൾ ഭർത്തൃവീട്ടിൽ.... തുടങ്ങിയ ആചാരങ്ങൾ ഇന്നും സജീവമായി നിലനിൽക്കുന്ന ഇന്ത്യയിൽ കുടുംബങ്ങൾ ആണ്‍കുട്ടികൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അത്തരമൊരു കാത്തിരിപ്പിനൊടുവിൽ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു കുടുംബത്തിൽ 11 -നാമനായി ഒരു ആണ്‍ കുഞ്ഞ് ജനിച്ചു. ആശുപത്രി അധികൃതർ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ കുടുംബത്തിനെതിരെ, പ്രത്യേകിച്ചും കുട്ടികളുടെ അച്ഛനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. (Father)
ഗർഭധാരണവും പ്രസവവും അമ്മയ്ക്കും നവജാത ശിശുവിനും ഉയർന്ന അപകടസാധ്യത സൃഷ്ടിച്ചെന്ന് പ്രസവം നടന്ന ഓജാസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ 5 ഗ്രാം രക്തം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രസവശേഷം ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 10 പെണ്‍കുട്ടികൾക്ക് ശേഷം 11 -മനായിട്ടായിരുന്നു ആണ്‍ കുഞ്ഞ് ജനിച്ചത്. കുടുംബത്തിന് 11 കുട്ടികളെയും നോക്കാനുള്ള ശേഷിയില്ലെന്നും കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്നും കുറിച്ച് കൊണ്ട് ഡോ. രഞ്ജൻ കുട്ടിയുടെ ഒരു വീഡിയോ എക്സിൽ പങ്കുവച്ചു.
19 വർഷം മുമ്പാണ് കുട്ടികളുടെ മാതാപിതാക്കൾ വിവാഹം കഴിച്ചത്. പിന്നീടിങ്ങോട്ട് ഒരു ആണ്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പക്ഷേ അതിന് 19 വർഷവും 10 പ്രസവവും കഴിയേണ്ടിവന്നു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തന്‍റെ മൂത്ത മകൾ ശ്രീന 12-ാം ക്ലാസിലും അമൃത 11-ാം ക്ലാസിലുമാണ് പഠിക്കുന്നതെന്ന് കുട്ടികളുടെ അച്ഛൻ പറഞ്ഞു. അദ്ദേഹത്തിന് ചില പെണ്‍മക്കളുടെ പേരുകൾ കൂടി പറയാൻ കഴിഞ്ഞെങ്കിലും എല്ലാ പെണ്‍കുട്ടികളുടെയും പേരുകൾ അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നില്ല.
വീഡിയോ ഇതിനകം എട്ടര ലക്ഷത്തിന് മേലെ ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേർ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തി. മറ്റ് ചിലർ മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്തു. അച്ഛന് പെണ്‍മക്കളുടെ പേരുകൾ പോലും പറയാൻ പറ്റുന്നില്ല. അമ്മയ്ക്ക് എന്തെങ്കിലുമൊരു ചോയിസ് അയാൾ നൽകിയിരുന്നോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ ചോദ്യം. ഒരു ആൺകുട്ടിക്ക് വേണ്ടി പുരുഷന്മാർ സ്ത്രീകളുടെ ശരീരത്തെ വച്ച് ചൂതുകളിക്കുന്നെന്നായിരുന്നു മറ്റൊരു കുറിപ്പ്. 11 വർഷം 11 ഗർഭധാരണം. ഒരു സ്ത്രീയും ഇത് അർഹിക്കുന്നില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.