
ഡൽഹി മെട്രോയിലെ വനിതാ കോച്ചിനുള്ളിൽ പാമ്പിനെ കണ്ടെത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് മെട്രോയ്ക്കുള്ളിൽ തിക്കും തിരക്കും(Snake). കോച്ചിനുള്ളിലെ സ്ത്രീകൾ നിലവിളിക്കുകയും സീറ്റുകളിൽ നിന്നും ചാടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @Chauhankeerty എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, കോച്ചിനുള്ളിൽ പാമ്പുണ്ടെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നാണ് ബഹളമുണ്ടായത്. സ്ത്രീകൾ തലങ്ങും വിലങ്ങും ഭയപ്പെട്ട് നടക്കുന്നത് കാണാം. തിങ്ങി ഞെരുങ്ങിയ ബോഗിക്കുള്ളിൽ ചിലർ സീറ്റിന് മുകളിൽ അഭയം പ്രാപിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതേസമയം വൈറലായ വീഡിയോയിൽ പാമ്പിനെ കണ്ടെത്താനായില്ല. മറിച്ച് കോച്ചിനുള്ളിൽ പ്രത്യക്ഷപ്പെട്ടത് പല്ലിയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അക്ഷർധാം മെട്രോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് പരിശോധന നടത്തിയത്.
"ഒരു വനിതാ കോച്ചിൽ പാമ്പിനെ കണ്ടതായി കാണിക്കുന്ന ഒരു വൈറൽ വീഡിയോ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അലേർട്ട് ലഭിച്ചയുടനെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) അടിയന്തര നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട സംഘം ട്രെയിൻ ദൃശ്യങ്ങളും ഡിപ്പോയിലെ കോച്ചും സൂക്ഷ്മമായി പരിശോധിച്ചിട്ടും ഒരു പാമ്പിനെയും കണ്ടെത്തിയില്ല. എന്നിരുന്നാലും, പരിശോധനയിൽ ഒരു കുഞ്ഞ് പല്ലിയെ കണ്ടെത്തി" - ഡിഎംആർസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.