
ജക്കാർത്ത: സ്വകാര്യ ഭാഗത്ത് പാമ്പ് കടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(Snake Bite). യൂട്യൂബിൽ 45,000 ൽ അധികം സുബ്സ്ക്രൈബറും ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള അങ്കാര ഷോജിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപയോക്താകൾക്കിടയിൽ ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിൽ പാമ്പുകളുടെയും മറ്റ് ഉരഗങ്ങളുടെയും ചിത്രങ്ങളും സാഹസിക വീഡിയോകളുമാണ് യുവാവ് സാധാരണയായി പങ്കുവയ്ക്കാറുള്ളത്. വീഡിയോയിൽ മഞ്ഞയും കറുപ്പും നിറത്തിലുളള പാമ്പ് ഇയാളുടെ ഒരു കാലിൽ പൂർണമായും ചുറ്റിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒന്നിലധികം തവണ യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിക്കുന്നുമുണ്ട്. ഇതോടെ വേദന സഹിക്കാൻ കഴിയാതെ യുവാവ് നിലത്തിരിക്കുന്നു. ശേഷം പാമ്പിനെ പിന്തിരിപ്പിക്കാൻ ഇയാൾ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. നിലവിലുള്ള ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കണ്ടൽക്കാടുകൾ ഉളള ചതുപ്പു നിലങ്ങളിലാണ് ഇത്തരത്തിലുള്ള പാമ്പുകൾ കൂടുതലായും കാണപ്പെടുന്നത്. വലിയ കണ്ണുകളോടുകൂടിയ 'പൂച്ച പാമ്പ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ പാമ്പ് ദക്ഷിണേന്ത്യ മുതൽ ഓസ്‌ട്രേലിയ വരെയുളള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. ഈ പാമ്പിന് ചെറിയ അളവിൽ വിഷമുള്ളതായും പറയപ്പെടുന്നു. യുവാവിനെ പാമ്പുകടിച്ച വീഡിയോ ഇതിനോടകം 17 മില്യൺ ആളുകളാണ് കണ്ടത്.