
എല്ലാ തൊഴിലിനും അതിൻ്റെതായ മഹത്ത്വമുണ്ട്. ഇവിടെയിതാ ഒരു ഡെലിവറി ബോയെ മുട്ടുകുത്തിച്ച് നിർത്തി മാപ്പു പറയിച്ചിരിക്കുകയാണ് സെക്യൂരിറ്റി ഗാർഡ്. ചൈനയിലാണ് സംഭവം.
ഇയാളുടെ പ്രവൃത്തിയെ ചൊല്ലി വലിയ രീതിയിൽ തന്നെ പ്രതിഷേധമുണ്ടായി. അതോടെ സർക്കാരും ഇക്കാര്യത്തിൽ ഇടപെട്ടു. ഇങ്ങനെയുള്ള തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. സംഭവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തിൽ വൈറലാവുകയും, പ്രതിഷേധത്തിന് തിരിതെളിക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. ഹാങ്‌സൗവിലെ ഒരു കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന യുവാവിനെ തിരക്കിനിടയിൽ റെയിലിംഗ് കേടാക്കിയെന്ന് പറഞ്ഞാണ് ഗാർഡുകൾ തടഞ്ഞത്. തുടർന്ന് തൻ്റെ ഡെലിവറി വൈകുമെന്ന ഭയത്തിൽ ഇയാളുടെ മുന്നിൽ മുട്ടുകുത്തി പോകാൻ അനുവദിക്കണം എന്നഭ്യർത്ഥിക്കുകയായിരുന്നു യുവാവ്. ഇതിനെതിരെയുള്ള പ്രതിഷേധത്തിൽ ഡെലിവറി ജോലി ചെയ്യുന്ന നിരവധി പേരും പങ്കാളികളായിരുന്നു.