
സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ ആഗോള മേധാവികളായ ആപ്പിൾ അടുത്തിടെ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഐഫോൺ 17 സീരീസിന്റെ 4 പുതിയ മോഡലുകൾ പുറത്തിറക്കിയിരുന്നു( iPhone 17 series). ഇതിനായി വിപണി ഒന്നാകെ കാത്തിരിക്കെ അക്ഷമരായ ഉപഭോക്താക്കൾ പഴയ ഐഫോണുകൾ പുതിയ ഐഫോൺ 17 ആക്കി മാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @AsakyGRN എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു ഫോൺ വിൽപ്പനക്കാരൻ തന്റെ ഐഫോൺ 12-നെ ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പുതിയ ഐഫോൺ 17 പ്രോ മാക്സാക്കി മാറ്റുന്നതാണ് കാണിക്കുന്നത്. പഴയ ഫോണിന്റെ ബോഡിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി തിളക്കമുള്ള ഓറഞ്ച് ഷേഡുകൾ കൊണ്ട് മൂടിയാണ് അദ്ദേഹം ഐഫോൺ 17 പ്രോ മാക്സാക്കി മാറ്റിയത്. 17 സീരീസ് ഉൾക്കൊള്ളുന്ന പുതിയ നിറങ്ങളിൽ ഒന്നാണിത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് രസകരമായ മറുപടിയുമായി രംഗത്തെത്തി.