
ന്യൂഡൽഹി: ഉക്രെയ്ൻ സൈന്യം റഷ്യയിലെ ക്രിമിയൻ പാലം തകർത്തു. 1,100 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഉക്രെയ്ൻ റഷ്യയിലെ ക്രിമിയൻ പാലത്തിൽ ആക്രമണം നടത്തിയത്(Crimean bridge). സ്ഫോടനത്തിൽ പാലം ഭാഗീകമായി തകർന്നു. റഷ്യയ്ക്കും അധിനിവേശ ക്രിമിയൻ ഉപദ്വീപിനും ഇടയിലുള്ള നിർണായക കണ്ണിയായി വർത്തിക്കുന്ന പാലമായ ക്രിമിയൻ പാലം തകരുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ക്രിമിയയിലേക്കും തെക്കൻ ഉക്രെയ്‌നിലേക്കും സൈനികരെയും ആയുധങ്ങളെയും സാധനങ്ങളെയും കൊണ്ടുപോകാൻ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന പ്രാഥമിക പാതയാണ് ഈ പാലം. ക്രിമിയൻ മേഖലയിലെ റഷ്യൻ നിയന്ത്രണം തകർക്കാനായി ഉക്രെയ്ൻ ഈ പാലത്തെ പലതവണ ലക്ഷ്യം വച്ചിരുന്നു. ഇതാണ് ഉക്രെയ്ൻ തകർത്തത്. പാലത്തിനുണ്ടായ കേടുപാടുകൾ സൈനിക ലോജിസ്റ്റിക്സിനെ മാത്രമല്ല, റഷ്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളെയും ഇവിടുത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.