
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓൺലൈൻ ഡെലിവറി ജീവനക്കാരുടെ വേഷം ധരിച്ച രണ്ട് പേർ പട്ടാപ്പകൽ ഒരു ജ്വല്ലറിയിലേക്ക് അതിക്രമിച്ചു കയറി കവർച്ച നടത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു(Robbery). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ANI എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഓൺലൈൻ ഡെലിവറി ജീവനക്കാരുടെ വേഷം ധരിച്ച അക്രമികൾ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം തങ്ങളുടെ ബാഗിലാക്കുന്നത് കാണാം. ആയുധധാരികളായ ഇവർ വെള്ളി, സ്വർണം, പണം എന്നിവയാണ് അപഹരിച്ചത്.
ഈ സമയം കടയുടമയുടെ സഹായിയായ ശുഭം കുമാർ (18) മാത്രമേ കടയിൽ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം കടയുടമ പുറത്തു പോയ സമയത്താണ് സംഭവം നടന്നത്. 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളാണ് കവർച്ചാ സംഘം കവർന്നത്.
ആറ് മിനിറ്റിനുള്ളിൽ കവർച്ചക്കാർ കടയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇരുവരും കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഷോറൂമിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു.