

ഗൊരഖ്പൂർ: വളരെ സങ്കീർണ്ണമായ ഒരു രോഗാവസ്ഥ തന്നെയാണ് പേയ് അല്ലെങ്കിൽ റേബീസ്. ഗോരഖ്‌പൂരിൽ പേ പിടിപെട്ട ഒരു നായ കടിച്ചത് 17 പേരെയാണ്. അതും ഒരു മണിക്കൂറിനുള്ളിൽ!
കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവർക്കാണ് ഉത്തരാഖണ്ഡിലെ ഗൊരഖ്പൂരിൽ പേപ്പട്ടിയുടെ കടിയേറ്റത്. ഇവരെയെല്ലാം കടിച്ചത് ഒരേ പട്ടിയാണെന്ന് തിരിച്ചറിഞ്ഞത് മേഖലയിലെ വിവിധ സി സി ടി വികൾ പരിശോധിച്ചപ്പോഴാണ്.
ഷാഹ്‌പുർ സ്വദേശിയായ 22കാരൻ ആശിഷ് യാദവ് പതിവ് പോലെ രാത്രിഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയതാണ്. അതിനിടയിലാണ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നായ ഇയാളുടെ മുഖത്ത് കടിച്ചത്. കണ്ണിനും ചുണ്ടിനും സാരമായ പരിക്കേറ്റ ആശിഷിനെയും കൊണ്ട് പിതാവ് ഗൊരഖ്‌പൂർ ജില്ലാ ആശുപത്രിയിലെത്തി. ഇവരോട് വാക്സിൻ സ്റ്റോക്കില്ലെന്ന് അധികൃതർ പറഞ്ഞതായാണ് പരാതി.
തുടർന്ന് തൊട്ടടുത്ത വീട്ടിലെ സ്ത്രീയുടെ കാലിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ച നായ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് പെൺകുട്ടികളെയും ആക്രമിച്ചു. 17 പേരെയാണ് പേപ്പട്ടി ഒരു മണിക്കൂറിനുള്ളിൽ കടിച്ചത്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഇതേക്കുറിച്ച് ഒരുപാട് തവണ പരാതിപ്പെട്ടിട്ടും മുൻസിപ്പൽ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികൾ. അതേസമയം, ഇത്തരമൊരു സംഭവമേ അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അധികൃതർ, പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.