
പ്രധാനമന്ത്രി മോദിയുടെ മോർഫ് ചെയ്ത ചിത്രം ഓൺലൈനിൽ പങ്കുവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവിനെ സാരി അണിയിക്കുന്ന ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു( BJP workers dress Congress leader in saree). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @iamvinodjagdale എന്ന എൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് പ്രകാശ് എന്ന 'മാമ' പഗാരെ ഫേസ്ബുക്കിൽ പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത വീഡിയോ പങ്കിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കോൺഗ്രസ് നേതാവിനെ കൊണ്ട് ബിജെപി പ്രവർത്തകർ സാരി ധരിപ്പിച്ചത്.
ദൃശ്യങ്ങളിൽ, മഹാരാഷ്ട്രയിലെ ഡോംബിവാലിയിൽ ബിജെപി പ്രവർത്തകർ ഒരു കോൺഗ്രസ് നേതാവിനെ പൊതുസ്ഥലത്ത് സാരി ധരിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. "ക്ഷമിക്കണം പെൺകുട്ടികളേ, എനിക്കും ട്രെൻഡിൽ തുടരണം" എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ രസകരമായ പ്രതികരണങ്ങളുമായി നെറ്റിസൺസും രംഗത്തെത്തി.