
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വൻ സഹായപ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ ആ ദുരിതത്തെയും, അതിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ സ്വായത്തമായ മഹാ അവസരത്തെയും വില കുറച്ചു കണ്ടുകൊണ്ട്, തങ്ങളുടെ സ്വാർത്ഥത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ചിലരും ഉണ്ട്.
ഉപയോഗശൂന്യമായ വസ്തുക്കൾ തള്ളാനുള്ള അവസരമായി ക്യാംപിലേക്കുള്ള സഹായത്തെ കണ്ടവരാണവർ. ഇത് സൃഷ്ടിച്ചത് ചില്ലറ പ്രതിസന്ധിയല്ല. വയനാടിൻ്റെ മനം ദുരന്തത്തിൽ പൊള്ളിയപ്പോൾ സഹായവുമായെത്തിയത് കേരളത്തിനകത്തും പുറത്തും ഉള്ള എണ്ണിയാൽ തീരാത്തത്രയും ജനങ്ങളാണ്. തങ്ങളുടെ കുഞ്ഞ് സമ്പാദ്യങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കുട്ടികൾ പോലും ഉണ്ട്.
ലോഡ് കണക്കിന് സാധങ്ങളാണ് പ്രളയകാലത്തെ ഓർമ്മപ്പെടുത്തും വിധം വയനാട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, ഈ അവസരം മുതലാക്കിയ ചിലർ ഇതിനെ പാഴ്‌വസ്തുക്കൾ തള്ളാനുള്ള അവസരമാക്കി. ടെക്സ്റ്റൈല്‍സുകളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളടക്കം,ഉപയോഗിച്ച അടിവസ്ത്രം വരെ ചിലർ ഇങ്ങനെ കളക്ഷൻ സെന്‍ററില്‍ കൊണ്ട് തള്ളി.
ഇത്തരത്തിൽ കളക്ഷൻ സെൻ്ററുകളിലും ക്യാമ്പുകളിലും ലഭിച്ചത് 17 ടണ്‍ വസ്ത്രങ്ങളാണ്. 85 ടണ്‍ അജൈവ മാലിന്യമാണ് ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യേണ്ടതായി വന്നത്.