
ഉത്തർപ്രദേശിലെ കൗശാമ്പിയിലെ റോഡിൽ 500 രൂപ നോട്ടുകൾ കാറ്റിൽ പറന്ന് നടന്നു(robbery). ഹൈവേയിൽ വീണു കിടന്ന ഈ നോട്ടുകൾ എടുക്കാൻ വൻ ജന തിരക്കാണ് അനുഭവപെട്ടത്. സംഭവത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
മെയ് 15 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കൗശാമ്പി ജില്ലയിലെ ഒരു ദേശീയപാതയിലാണ് നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറക്കുന്നത് കണ്ടത്. നോട്ടുകൾ മഴ പോലെ പെയ്ത് ഇറങ്ങിയ കാഴ്ച കണ്ട് വഴിയാത്രക്കാരും പ്രാദേശക്കാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും നോട്ടുകൾ വാരി കൂട്ടുകയും ചെയ്തു. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് ആഡംബര ബസിൽ യാത്ര ചെയ്യുകയായിരുന്ന ഭാവേഷ് എന്ന ബിസിനസുകാരന്റേതായിരുന്നു ഈ പണം.
ഇയാൾ റോഡരികിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ചില അക്രമികൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. അതിൽ 8-10 ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് ഭാവേഷ് അവകാശപ്പെട്ടു. അക്രമികൾ രക്ഷപ്പെടുന്നതിനിടയിൽ, പണത്തിന്റെ ഒരു ഭാഗം റോഡിലേക്ക് വീണു പോയി.
ഇത് ഏകദേശം ഒന്നര ലക്ഷം രൂപയോളം വരുമെന്നാണ് വിലയിരുത്തൽ. നടന്നത് ആസൂത്രിതമായ കവർച്ചയാണോ അതോ പണം കൈവശമുണ്ടെന്ന് മനസിലാക്കി പെട്ടെന്ന് നടത്തിയ കവർച്ചയാണോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കോഖ്‌രാജ് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി.