
ദക്ഷിണ കൊറിയയിൽ വിവാഹമോചനത്തെ തുടർന്നുണ്ടായ സമ്മർദ്ദത്തിൽ ഒരാൾ സിയോൾ മെട്രോ കോച്ചിന് തീയിട്ടതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Passenger). മെയ് 31 ന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സിയോൾ സതേൺ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ഓടുന്ന സബ്‌വേ ട്രെയിനിൽ പെട്രോൾ ഒഴിക്കുന്നതും തീ ഇടുന്നതും കാണാം. ആ സമയത്ത് ഏകദേശം 160 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
ഇയാൾ ഇന്ധനം തറയിൽ ഒഴിച്ചത് ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാർ സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറി. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകടത്തെ തുടർന്ന് 6 യാത്രക്കാർക്ക് പൊള്ളലേറ്റു. തീയിട്ടയാൾ ഉൾപ്പെടെ 23 പേർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു. തീപിടുത്തത്തിൽ ട്രെയിൻ ബോഗിക്ക് ഏകദേശം 330 മില്യൺ വോൺ (£197,000) മൂല്യമുള്ള നാശനഷ്ടമുണ്ടായി.