
കാസർഗോഡ്: വാനരന്മാര്‍ക്കും ഓണമോ ! അത്ഭുതപ്പെടേണ്ട, ഇങ്ങ് കാസര്‍ഗോഡ് ഇടയിലക്കാടാണ് സംഭവം. മനുഷ്യരെപ്പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് സർവ്വ ജീവജാലങ്ങളുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ദൃശ്യമാണ് തൃക്കരിപ്പൂരിനടുത്തുള്ള ഇടയിലക്കാട് കാവിലെ വാനര സദ്യ.(Onam celebration)
അവിട്ടം ദിനത്തിൽ മുപ്പതോളം വരുന്ന വാനരന്മാർക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ്. റോഡരികിലെ മേശമേൽ ഓണമുണ്ണാനായി നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്ന വാനരവീരന്മാർ സദ്യവട്ടങ്ങളെത്താൻ വൈകിയതോടെ ആകെ മട്ടുമാറി തങ്ങളെ നോക്കിച്ചിരിക്കുന്ന കാണികളെ നോക്കി കൊഞ്ഞനംകുത്തി.
കാത്തിരിപ്പിൻ്റെ മുഷിപ്പാകാം, അവർ അവിടെ തൂക്കിയിരുന്ന പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ വലിച്ചെറിഞ്ഞു.
അസുഖമായതിനാൽ ഇത്തവണ മാണിക്കമ്മ ഉണ്ടായിരുന്നില്ല. 20 വര്‍ഷത്തോളമായി വാനരന്മാർക്ക് മുടങ്ങാതെ ചോറൂട്ടിയിരുന്ന വ്യക്തിത്വമാണ് ചാലിൽ മാണിക്കമ്മ. എന്നാലും, അവർ തന്നെയാണ് വീട്ടിൽ നിന്ന് വച്ച ഉപ്പില്ലാത്ത ചോറ് കുട്ടികൾക്ക് കൈമാറിയത്. സദ്യയൊരുക്കാം നടത്തിയതും മാണിക്കമ്മയുടെ വീട്ടിൽ വച്ച് തന്നെ.
തുടർന്ന് ഓണപ്പാട്ടുകൾ പാടി, സദ്യയുമായി കുട്ടികളെത്തി. സദ്യയിൽ നിരത്തിയ 17 വിഭവങ്ങൾ പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തന്‍, ബീറ്റ്‌റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാന്‍ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറുമായിരുന്നു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളം നൽകുകയും ചെയ്തു.
വയറു നിറഞ്ഞ കുരങ്ങന്മാർ ആഹ്ളാദപ്രകടനം നടത്തുമ്പോൾ മനുഷ്യമനസുകളിലും സഹജീവി സ്നേഹം നിറയുന്നു. എല്ലാവർക്കുമുള്ളതാണ് ഭൂമിയെന്നും, സഹജീവികൾക്ക് കൂടിയുള്ളതാണ് ഓണമെന്നും എല്ലാവരും മനസിലാക്കുന്നു.