
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ലണ്ടനിലുള്ള തന്റെ ഭർത്താവിനടുത്തേക്ക് മടങ്ങാനിരുന്ന നവ വധുവും ഉണ്ടായിരുന്നു(Ahmedabad plane crash). ഇവർ വീട്ടിൽ നിന്നും പുറപ്പെടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു.
രാജസ്ഥാനിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് യുവതി കുടുംബാംഗങ്ങളെ കാണുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബലോത്ര ജില്ലയിലെ അറബ ദുദാവ്ത ഗ്രാമത്തിൽ നിന്നുള്ള മദൻ സിംഗ് രാജ്പുരോഹിതിന്റെ മകളായ ഖുഷ്ബു കൻവാർ ആണ് വിമാനാപകടത്തിൽ മരണമടഞ്ഞത്. 2025 ജനുവരിയിൽ ആയിരുന്നു ഖുഷ്ബു കൻവാറും ലണ്ടൻ നിവാസിയും ഡോക്ടറുമായ വിപുല്‍ സിംഗ് രാജ്പുരോഹിതിയും തമ്മിലുള്ള വിവാഹം നടന്നത്.
വിപുലുമായുള്ള വിവാഹത്തിന് ശേഷം ഖുഷ്ബു ലണ്ടനിലേക്ക് യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്. വിസയ്ക്കുള്ള രേഖകൾ പൂർത്തിയാകുന്നതുവരെ അവർ ഭർത്തൃ വീട്ടുകാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് അവർ വിമാനത്തിൽ കയറിയത്. വിമാനം പറന്നുയർന്ന് 30 സെക്കന്റുകൾക്കകം അപകടം സംഭവിക്കുകയായിരുന്നു. ഒരാൾ ഒഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരണമടഞ്ഞതായാണ് വിവരം.