
കുരങ്ങൻ തൊപ്പി തട്ടിയെടുത്ത് മരത്തിന് മുകളിലേയ്ക്ക് ഓടി മറഞ്ഞത് മുതൽ അങ്ങോട്ട് എന്തെല്ലാം കുരങ്ങൻ തട്ടിയെടുത്തിട്ടുണ്ടോ ആ കഥകൾ എല്ലാം നമ്മൾ കേട്ടിട്ടുണ്ടല്ലേ(monkey)? എന്നാൽ കുരങ്ങൻ 500 ന്റെ ഒരു കെട്ട് നോട്ട് തട്ടിയെടുത്ത് താഴേക്ക് ഓരോന്നായി ഇട്ടെന്ന് അറിഞ്ഞാൽ എങ്ങനിരിക്കും ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വൃന്ദാവനത്തിലെ കുരങ്ങന്മാർ ഭക്തരുടെ സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കുന്നതിന് പേരുകേട്ടവരാണ്. എന്നാൽ, വൃന്ദാവനിൽ അല്ല ഇങ്ങു തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. അതും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ! ദൃശ്യങ്ങളിൽ ഒരു കുരങ്ങൻ ഒരു വിനോദസഞ്ചാരിയുടെ കൈയിൽ നിന്ന് 500 രൂപയുടെ നോട്ടുകളുടെ ഒരു കെട്ട് തട്ടിയെടുത്ത് അടുത്തുള്ള ഒരു മരത്തിൽ കയറിയിരിക്കുന്നത് കാണാം. നോട്ടുകൾ ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് കെട്ടിയിരുന്നു. ഒരു കൊമ്പിൽ ഇരുന്നുകൊണ്ട് കുരങ്ങൻ ഒന്നിനു പുറകെ ഒന്നായി നോട്ടുകൾ പുറത്തെടുത്ത് താഴേക്ക് ഇട്ടു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇത്തരം കുരങ്ങുകളുടെ ശല്യത്തെക്കുറിച്ച് നിരവധി വീഡിയോകളും റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനു പിന്നാലെ അത്ഭുതവും പിന്നീട് എന്ത് നടന്നുവെന്ന് അറിയാനുള്ള ആകാംഷയുമായി നിരവധിപേർ കമെന്റ് സെക്ഷനിൽ എത്തി. ഇപ്പോഴും വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി തുടരുകയാണ്.