
ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷം ശക്തമായതിൻറെ കൂടുതൽ തെളിവുകൾ പുറത്ത്(Middle East conflict). ഇസ്രായേലിന് നേരെ ഇറാൻ ശക്തമായി തിരിച്ചടി തുടരുകയാണ്. വ്യാഴാഴ്ച രാവിലെ, ഒരു ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ദക്ഷിണ ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയിൽ പതിച്ചത്തിന്റെ ദൃശ്യങ്ങളിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തെക്കൻ ഇസ്രായേലിലെ സൊറോക്ക ആശുപത്രിയാണ് ഇറാൻ ആക്രമിച്ചത്. ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഇസ്രായേലിൽ ഇറാൻ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് സൊറോക്ക മെഡിക്കൽ സെന്റർ ആശുപത്രിയിലേത്. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്. ഇവിടെ ഒരുസമയം 1,000-ത്തിലധികം രോഗികൾക്ക് കിടത്തി ചികിത്സ ലഭ്യമാകുന്നുണ്ട്. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ ഏകദേശം 1 ദശലക്ഷം നിവാസികൾക്ക് ഈ ആശുപത്രി സേവനങ്ങൾ നൽകി വരുന്നതായാണ് റിപ്പോർട്ട്.
മിസൈലുകൾ പതിച്ചതിനെ തുടർന്ന് ആശുപത്രിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രദേശം പുക മൂടുന്നതിന്റെ നിരവധി വീഡിയോകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇറാനിലെ അരാക്കിലെ ഘനജല റിയാക്ടറിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേലി ആശുപത്രി ആക്രമിക്കപ്പെട്ടത്. ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക്കിലെ ഘനജല റിയാക്ടർ സ്ഥിതി ചെയ്യുന്നത്.