
മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല മേയർ ഒരു പെൺ മുതലയെ വിവാഹം കഴിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(crocodile). ആചാരപരമായ ഈ ചടങ്ങ് നല്ല മഴ ലഭിക്കുന്നതിനും വിളവെടുപ്പിനും സഹവർത്തിത്വത്തിനും വേണ്ടിയാണെന്നാണ് വിശ്വാസം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @nexta_tv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
230 വർഷത്തിലേറെയായി ഈ ആചാരം ആഘോഷിക്കപ്പെടുന്നതായാണ് വിവരം. ദൃശ്യങ്ങളിൽ മുതല പരമ്പരാഗതമായി ഒരു വിവാഹ ഗൗൺ ധരിച്ചിരിക്കുന്നത് കാണാം. ചടങ്ങിനിടെ മേയർ "വധുവായ മുതലയെ" മധുരമായി ചുംബിക്കുന്നുണ്ട്. പാരമ്പര്യമായി വിവാഹത്തിന് മുമ്പ് മുതലയെ പട്ടണത്തിലൂടെ നടത്തുകയും വീടുതോറും കൊണ്ടുപോകുകയും ചെയ്യുന്നു. അവിടെ താമസക്കാർ അവളെ സ്നേഹപൂർവ്വം ആനയിക്കുന്നു. അവർ ഒരുമിച്ച് ആഘോഷത്തിൽ നൃത്തം ചെയ്യുന്നു. പരമ്പരാഗത സംഗീതവും നൃത്തവും ഉപയോഗിച്ചാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ജിജ്ഞാസയും കൗതുകവും നിറഞ്ഞ പ്രതികരണങ്ങളുമായി രംഗത്തെത്തി. നിമിഷ നേരം കൊണ്ടാണ് ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ വൈറലായത്.