
വളരെയേറെ ഹൃദയഭേദകവും കുറ്റകരവുമായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(cat). പൂച്ചകളെ ഏറെ സ്നേഹിക്കുകയും വളർത്തുകയും ചെയ്യുന്ന ഒരു കൂട്ടം നെറ്റിസൺസ് ദുഃഖം താങ്ങാനാവാതെ ശക്തമായി പ്രതികരിച്ചു. ഒരു കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ ജനാലയിലൂടെ ഒരു പൂച്ചയെ താഴേക്ക് എറിഞ്ഞ് കൊല്ലുന്നതിൻ്റെ ഭയാനകമായ ഒരു ദൃശ്യമാണ് ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടത്. എക്‌സിൽ @changu311 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ഒരു കെട്ടിടത്തിന്റെ ജനാലയ്ക്കരികിൽ ഒരു പൂച്ച ഷൂ റാക്കിന് മുകളിൽ ഇരിക്കുന്നത് കാണാം. അല്പ സമയത്തിനകം ഒരാൾ കയ്യിൽ ഒരു ബാഗുമായി അവിടേക്കെത്തുന്നു. ശേഷം അയാൾ ആദ്യം ആ പൂച്ചയ്ക്ക് മുന്നിലൂടെ നടന്ന് തൻ്റെ കൈയ്യിലുളള ബാഗ് വാതിലിനടുത്ത് വയ്ക്കുന്നു. പിന്നീട്, അയാൾ തിരിഞ്ഞു പൂച്ചയുടെ അടുത്തേക്ക് പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ, അയാൾ പൂച്ചയെ എടുത്ത് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു.
ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസിന് കനത്ത പ്രഹരം ഏൽക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. താഴേക്ക് വീണ പൂച്ചയെ താഴെയുള്ള ഷീറ്റിന് മുകളിൽ ചത്ത നിലയിൽ കണ്ടെത്തി. ദൃശ്യങ്ങൾ കണ്ട് കണ്ണ് നിറഞ്ഞ ഉപയോക്താക്കൾ അയാൾക്ക് നേരെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്.