
ടോക്കിയോ: ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ശരിയായ രീതിയിലുള്ള ഉറക്കം ചിട്ടയായ ജീവിതം നിലനിർത്താൻ സഹായിക്കുന്നു.
അതോടൊപ്പം ശരീരത്തിൻ്റെ ആരോഗ്യത്തെ അത് ഏറെ ബാധിക്കുന്നു. ദിവസവും 6-8 മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്ത പക്ഷം അതിൻറേതായ ബുദ്ധിമുട്ടുകളും നമുക്ക് അനുഭവപ്പെടാറുണ്ട്.
എന്നാൽ, ഇതിൽ നിന്നെല്ലാം വിപരീതമായി ജീവിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇയാൾ കഴിഞ്ഞ 12 വർഷങ്ങളായി ദിവസത്തിൽ 30 മിനിറ്റ് മാത്രം ഉറങ്ങിയാണ് ജീവിതം നയിക്കുന്നത്. അതെ, അങ്ങനെയും ഒരാളുണ്ട്! അങ്ങ് ജപ്പാനിൽ.
ഇദ്ദേഹത്തിൻ്റെ പേര് ദൈസുകെ ഹോറി എന്നാണ്. ഇത്തരത്തിൽ താൻ തൻ്റെ ശരീരത്തെയും തലച്ചോറിനെയും പരിശീലിപ്പിച്ചെടുത്തുവെന്ന് പറയുന്ന ദൈസുകെ, ഇത് തൻ്റെ പ്രവർത്തനക്ഷമത വർധിപ്പിച്ചതായും അവകാശപ്പെടുന്നു.
സംരംഭകനായ ഇദേഹത്തിൻ്റെ അഭിപ്രായം ദീർഘനിദ്രയേക്കാൾ ഗുണം ചെയ്യുക ഉയർന്ന നിലവാരമുള്ള ഉറക്കമാണ് എന്നാണ്. ഇദ്ദേഹത്തെക്കുറിച്ച് സംഘടിപ്പിച്ച ഒരു ജാപ്പനീസ് ടി വി ഷോയിൽ ഹോറി 26 മിനിറ്റുകൾ മാത്രം ഉറങ്ങി ഉത്സാഹപൂർവ്വം ദിനചര്യകൾ നിർവ്വഹിക്കുന്നത് കാണാൻ കഴിയും. ഇത് ഏവരെയും അത്ഭുതപ്പടുത്തിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!