
ന്യൂഡൽഹി: അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം മനുഷ്യൻ അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി ഐ എസ് ആർ ഒ മേധാവി എസ് സോമനാഥ്. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പർക്കം മനുഷ്യന് അപകടകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത് രൺവീർ അലാബാദിയയുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുന്ന അവസരത്തിലാണ്.
നിലവിൽ മനുഷ്യൻ അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്ന് പറഞ്ഞ അദ്ദേഹം, ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഭൂമിയിലെ ജീവൻ പരിണമിച്ചതെന്നും, ഇതിന് കാരണമായി അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും വിശദീകരിച്ചു. ഇവയുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടകരമായേക്കുമെന്ന് പറഞ്ഞ സോമനാഥ്, ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
മനുഷ്യരെപ്പോലെയുള്ള ജീവികൾ വേറെയുണ്ടാകുമോയെന്ന സംശയം മൂലം അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതൽ അറിയാൻ ഒരുപാട് പേർ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ശാസ്ത്രലോകം തേടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടാക്കാമെന്ന് പറഞ്ഞ അദ്ദേഹം, അവ ചിലപ്പോൾ മനുഷ്യനേക്കാൾ ആയിരം വർഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുള്ളവയാകാമെന്നും അഭിപ്രായപ്പെട്ടു.