
ആന്ധ്രാപ്രദേശിൽ നിന്നും പുറത്തു വന്ന അപമാനകരമായ ഒരു ദൃശ്യം കണ്ട് സോഷ്യൽ മീഡിയ ഒന്നാകെ രോഷാകുലരായി(Women). ഭർത്താവിന്റെ കടം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്ത്രീയെ ഗ്രാമവാസികൾ മരത്തിൽ കെട്ടിയിട്ട ദൃശ്യങ്ങളാണ് പുറത്തു വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @jsuryareddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ഭർത്താവ് വാങ്ങിയ 80,000 രൂപ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സിരിഷ(29) എന്ന സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് പൊതുജനമധ്യത്തിൽ അപമാനിക്കുന്നത് കാണാം. സിരിഷയുടെ ഭർത്താവ് തിമ്മരായപ്പ ചിറ്റൂരിലെ ഒരു ഗ്രാമീണനിൽ നിന്ന് 80,000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ അയാൾക്ക് അത് ഇതുവരെ തിരിച്ചടയ്ക്കാനായില്ല.
എന്നാൽ ഇതിനിടയിൽ സിരിഷ ബാംഗ്ലൂരിലേക്ക് താമസം മാറി. സ്‌കൂളിൽ നിന്ന് കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാൻ മടങ്ങി എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. ഇവർ മടങ്ങി വന്നത് നാട്ടുകാർ അറിഞ്ഞതോടെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് സിരിഷയെ ഉപദ്രവിക്കുകയും ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. മാത്രമല്ല; ഭർത്താവിനെ വിളിക്കാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ, ആറ് മാസം മുമ്പ് അയാൾ തന്നെ ഉപേക്ഷിച്ചു പോയെന്ന് അവർ വ്യക്തമാക്കി.
സംഭവത്തിൽ ബി.എൻ.എസ് സെക്ഷൻ 115, 126, 112 എന്നിവ ചേർത്ത് സെക്ഷൻ 3 പ്രകാരം സ്ത്രീയെ ഉപദ്രവിച്ചവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു.