
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളറായി ഉയർത്താനുള്ള തീരുമാനത്തെത്തുടർന്ന് ഇന്ത്യക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു(H-1B visa). യു.എസ് വിമാനത്താവളങ്ങളിൽ നിന്ന് നവരാത്രി, ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കായി മടങ്ങാനിരുന്ന ഇന്ത്യക്കാർ വിമാനങ്ങളിൽ നിന്ന് തിരിച്ച് ഇറങ്ങുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ പുറത്തു വന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @sougat18 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പ്രസിഡന്റ് പ്രഖ്യാപനം നടത്തിയതിന് ശേഷം ഇന്ത്യക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്നതായി കാണാം. ചില യാത്രികർ സീറ്റിൽ നിൽക്കുന്നതും സീറ്റുകൾക്കിടയിലുള്ള പാസേജിലൂടെ ചിലർ പുറത്തേക്ക് പരിഭ്രാന്തരായി നീങ്ങുന്നതും വീഡിയോയിൽ ഉണ്ട്.
3 മണിക്കൂറിലധികം സമയം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയതായാണ് വിവരം. സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അതേസമയം, ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 4,500 യുഎസ് ഡോളറായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.