
ടിക് ടോക്കിൽ ലൈവ് സ്ട്രീം നടത്തുന്നതിനിടെ ഒരു മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദാരുണമായി കൊല്ലപ്പെട്ടു(Mexican influencer). ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഏറെ ജനപ്രീതിയുള്ള വലേറിയ മാർക്വേസി(23) ന് നേരെയാണ് തോക്കുധാരികൾ നിറയൊഴിച്ചത്. വലേറിയ തന്റെ ബ്യൂട്ടി സലൂണായ ബ്ലോസം ദി ബ്യൂട്ടി ലോഞ്ചിൽ നിന്ന് ടിക്ടോക്കിൽ ലൈവ് പോകുന്നതിനിടെയാണ് സംഭവം നടന്നത്. മൂന്നു വെടിയുണ്ടകളാണ് വലേറിയയുടെ നെഞ്ചിൽ തുളച്ചു കയറിയത്. ലൈവ് സ്ട്രീമിങ് ആയതിനാൽ ഇവരുടെ ഫോള്ളോവെഴ്സിൽ പലരും ഭയാനകമായ ഈ കാഴ്ച നേരിട്ട് കണ്ടു.
പിങ്ക് നിറത്തിലുള്ള ബ്രേലെറ്റ് ധരിച്ച വലേറിയ സ്വർണ്ണ നിറത്തിലുള്ള മുടിയൊരുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ലൈവ് സ്ട്രീമിങ്ങിലെ കാഴ്ചക്കാരോട് സംസാരിക്കാനോ "ഹായ്" എന്ന് കൈ വീശാനോ അവൾക്ക് കഴിഞ്ഞില്ല. അതിന് മുൻപ് മൂന്ന് വെടിയുണ്ടകൾ അവളുടെ ശരീരത്തിൽ തറച്ചു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്.
വെടിയുണ്ടയുടെ ശക്തിയിൽ അവൾ പെട്ടെന്ന് പിന്നിലേക്ക് വീഴുന്നുണ്ട്. അവളുടെ മുന്നിലുള്ള ഗ്ലാസ് ടേബിളിൽ നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്യുന്നു. വലേറിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.
മോട്ടോർ ബൈക്കിൽ എത്തിയ ഒരു തോക്കുധാരിയാണ് അവരെ കൊലപ്പെടുത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തോക്കുധാരിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. വലേറിയ മാർക്വേസിന് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഏകദേശം 200,000 ഫോളോവേഴ്‌സുണ്ട്.