ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം (G.E.M.) ഈജിപ്ഷ്യൻ രാജാവായ തൂത്തൻഖാമൻ്റെ ശവകുടീരം പൂർണ്ണമായും പ്രദർശനത്തിനായി തുറന്നു. 3300 വർഷം പഴക്കമുള്ള ഈ ശ്മശാന അറ, 1922-ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് മുഴുവനായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത്.(Grand Egyptian Museum puts Tutankhamun's tomb on full display)
ഗിസയിലെ ഖുഫുവിൻ്റെ പിരമിഡിന് സമീപത്തായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ടുട്ടൻഖാമൻ്റെ അതിശയിപ്പിക്കുന്ന സ്വർണ്ണ മുഖംമൂടി, സിംഹാസനം, രഥങ്ങൾ എന്നിവ ഉൾപ്പെടുന്ന 5500 വസ്തുക്കളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
"ടുട്ടൻഖാമൻ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമായി സൂക്ഷിക്കുന്നില്ല," എന്ന് മ്യൂസിയം മേധാവി ഡോ. തരേക് തൗഫിക് വിശദീകരിച്ചു. ഹോവാർഡ് കാർട്ടർ കണ്ടെത്തിയത് പോലെ തന്നെയുള്ള അനുഭവം പുരാവസ്തു പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
രാജവംശത്തിനു മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള രാജ്യത്തിൻ്റെ ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന ഏകദേശം 100,000 പുരാവസ്തുക്കൾ ഈ മ്യൂസിയത്തിലുണ്ട്. ടുട്ടൻഖാമൻ്റെ ശവകുടീരത്തിന് പുറമേ, ഖുഫുവിൻ്റെ 4,500 വർഷം പഴക്കമുള്ളതും നന്നായി സംരക്ഷിക്കപ്പെട്ടതുമായ ശവസംസ്കാര ബോട്ടും ഇവിടെ പ്രദർശനത്തിനുണ്ട്.
പ്രതിവർഷം എട്ട് ദശലക്ഷം സന്ദർശകരെയാണ് മ്യൂസിയം പ്രതീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളിൽ വലഞ്ഞ ഈജിപ്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഈ ചരിത്രപരമായ തീരുമാനം വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.