
മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരി നദീതടത്തിൽ വെള്ളം ഉയർന്നതിനെ തുടർന്ന് രാംകുണ്ഡ് പ്രദേശത്ത് ഒരു യുവാവ് അരമണിക്കൂറോളം കുടുങ്ങി കിടന്നതിൻറെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നു(Godavari River). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @fpjindia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ശനിയാഴ്ച വൈകുന്നേരമാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ഗോദാവരി നദീതടത്തിൽ വെള്ളം ഉയർന്നതിനെ തുടർന്ന് രാംകുണ്ഡ് പ്രദേശത്ത് ഒരു യുവാവ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നത് കാണാം. ദൃശ്യങ്ങളിൽ യുവാവ് ഒരു സിമന്റ് തൂണിൽ പിടിച്ചു നിൽക്കുന്നതാണ് കാണാവുക. അരമണിക്കൂറോളം ഇയാൾ കുത്തൊഴുക്കിൽ മനക്കരുത്തോടെ പിടിച്ചു നിന്നതായാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്.
അതേസമയം ശനിയാഴ്ച രാവിലെ മുതൽ നാസിക്കിൽ കനത്ത മഴ തുടരുന്നതിനാൽ, ഗംഗാപൂർ അണക്കെട്ടിൽ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്. നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദീതടങ്ങൾ നിറഞ്ഞൊഴുകുകയാണ്.