
ഛത്തീസ്ഗഡിലെ റായ്ഗഡിൽ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുഴിയിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ ഹൃദയഹാരിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(elephant). രക്ഷാപ്രവർത്തനം ക്യാമറയിൽ പകർത്തുകയും ശേഷം അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയുമായിരുന്നു. ജൂൺ 3 നാണ് സംഭവം നടന്നത്.
ഛത്തീസ്ഗഡിലെ റായ്ഗഡിൽ ചിൽക്കഗുഡ ഗ്രാമത്തിനടുത്തുള്ള ഒരു കുഴിയിലാണ് ആനക്കുട്ടി വീണത്. ലൈലുങ്ക, ഘർഗോഡ വനമേഖലകളിൽ ചുറ്റിത്തിരിയുന്ന ആനക്കൂട്ടത്തിൽ നിന്നും വഴി തെറ്റി പോയതാണ് ഈ കുഞ്ഞൻ ആന എന്നാണ് വിവരം.
കുഴിയിൽ നിന്ന് ആനക്കുട്ടി പുറത്തുവരാൻ പാടുപെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആനക്കുട്ടിക്ക് വഴിയൊരുക്കാൻ ജെസിബി മെഷീനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷം, ആനകുട്ടി ജെസിബി മെഷീനിനടുത്തേക്ക് വന്ന് തുമ്പിക്കൈ കൊണ്ട് യന്ത്രത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞു.