
നാഗ്പൂരിൽ ഒരു കുടുംബത്തിന്റെ ബാൽക്കണിക്ക് മുകളിൽ 1.5 മീറ്റർ ഉയരത്തിൽ ₹998 കോടി ചെലവഴിച്ച് നിർമ്മിച്ച നാഗ്പൂർ ഫ്ലൈഓവർ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(Nagpur Flyover passing through a family's balcony). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @drishtisharma02 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഗ്രേറ്റ് നാഗ് റോഡിലെ അശോക് സർക്കിളിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ₹998 കോടി ചിലവിട്ട് നിർമിച്ചതാണ് ഇൻഡോറ-ദിഘോരി മേൽപ്പാലം പദ്ധതി. എന്നാൽ ഈ പദ്ധതി പ്രകാരമുള്ള മേൽപാലം ഒരു കുടുംബത്തിന്റെ ബാൽക്കണിയിലൂടെ കടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തെ തുടർന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന് ഇത് സംബന്ധിച്ച് നോട്ടീസ് നൽകാനും വീടിന്റെ നിയമ സാധുതയെക്കുറിച്ച് അന്വേഷണം നടത്താനും അധികൃതർ ഉത്തരവിട്ടതായാണ് വിവരം. അതേസമയം നഗര ആസൂത്രണം, കൈയേറ്റം, അടിസ്ഥാന സൗകര്യ മേൽനോട്ടം എന്നിവയെക്കുറിച്ചുള്ള തീവ്രമായ ചർച്ചകൾക്ക് നെറ്റിസൺസിനിടയിൽ തുടക്കമിട്ടു.