
മധ്യപ്രദേശിലെ ഭോപ്പാലിൽ അധ്യാപികയുടെ കാൽ മസാജ് ചെയ്തു കൊടുക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(student massaging teacher's feet). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവം നടന്നത് ഗാന്ധിനഗറിലെ ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ആണെന്നാണ് പുറത്തു വരുന്ന വിവരം.
ദൃശ്യങ്ങളിൽ, സ്കൂൾ സമയത്ത് ഒരു സർക്കാർ സ്കൂൾ അധ്യാപിക വിദ്യാർത്ഥിയെ കൊണ്ട് കാൽ മസാജ് ചെയ്യിക്കുന്നത് കാണാം. അധ്യാപിക ഒരു കസേരയിൽ ഇരുന്നു കൊണ്ട് മറ്റൊരു കസേരയിൽ കാൽ എടുത്തു വച്ചിരിക്കുകയാണ്. ശനിയാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ ഞായറാഴ്ചയോടെ വൈറലായി. ഇതോടെ നാട്ടുകാരും നെറ്റിസൺസും അധ്യാപികയ്‌ക്കെതിരെ തിരിഞ്ഞു.