
ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു ഇന്ത്യൻ സ്ത്രീ പുകവലിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി(woman smoking on passenger train). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @tusharcrai എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ പാസഞ്ചർ ട്രെയിനിലെ എസി കോച്ചിനുള്ളിൽ പുകവലിക്കുന്ന ഒരു ഇന്ത്യൻ സ്ത്രീയെ കാണാം. എന്നാൽ ഇത് കണ്ട മറ്റൊരു യാത്രക്കാരൻ സ്ത്രീയോട് കോച്ചിനുള്ളിൽ പുകവലിക്കരുതെന്ന് ആവശ്യപ്പെടുകയും പുറത്തുപോകാൻ പറയുകയും ചെയ്തു.
ഇതോടെ സ്ത്രീ കോപാകുലയായി. ഈ സമയം എത്തിയ ട്രെയിനിലെ ടിക്കറ്റ് പരിശോധകൻ ചോദ്യം ചെയ്തപ്പോൾ സ്ത്രീ കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം എസി കോച്ചിനുള്ളിൽ പുകവലി നിരോധിച്ചിട്ടുള്ള വിവരം അറിയില്ലെന്നായിരുന്നു യാത്രക്കാരിയുടെ പക്ഷം. ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.