
മഹാരാഷ്ട്രയിലെ, ജൽനയിലെ മറാത്തി മീഡിയം സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ അധ്യാപകൻ സുഖമായി ഉറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി തുടരുന്നു(teacher). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @EduvartaNews എന്ന മാധ്യമ ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ജാഫ്രാബാദ് തഹ്‌സിലിലെ ഗഡേഗവൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അധ്യാപകൻ മേശയ്ക്കു മുകളിൽ കാലുകൾ വെച്ച് സുഖകരമായിരുന്ന് ഉറങ്ങുന്നത് കാണാം. മാത്രമല്ല; അധ്യാപകൻ ഉറങ്ങുന്നതിനൊപ്പം കൂർക്കം വലിക്കുന്നതും കേൾക്കാം.
ക്ലാസിൽ 15-20 കുട്ടികളുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. വീഡിയോ റെക്കോർഡ് ചെയ്യുന്ന ആൾ ക്യാമറ വിദ്യാർത്ഥികളുടെ നേരെ നീട്ടി ഒരു വിദ്യാർത്ഥിയോട്, അധ്യാപകൻ എത്ര നേരമായി ഉറങ്ങുകയായിരുന്നു എന്ന് ചോദിക്കുമ്പോൾ അതിന് വിദ്യാർത്ഥി നൽകുന്ന മറുപടി "അര മണിക്കൂർ" എന്നാണ്. നിലവിൽ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് നിർബന്ധിത അവധിയിൽ അയച്ചിരിക്കുകയാണ്.