
മുംബൈയിൽ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടു(Fishing boat meets accident). മുംബൈയിലെ ഉറാനി തീരത്താണ് അതിദാരുണമായ സംഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Manasisplaining എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കടലിൽ മത്സ്യ ബന്ധനത്തിന് പോയ ഒരു ചുവന്ന ബോട്ട് മറിയുന്നത് കാണാം. ഉടൻ തന്നെ ബോട്ടിൽ ഉണ്ടായിരുന്നവർ കടലിലേക്ക് എടുത്തു ചാടുന്നുണ്ട്. ചിലർ ചാടി രക്ഷാ ബോട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന കയർ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ മറ്റൊരു രക്ഷാ ബോട്ട് അതിനെ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷ ബോട്ടിൽ ഉണ്ടായിരുന്നയാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയായിരുന്നു.