
ഭൂമിയെ ഭൂമിയായി കൊണ്ടുപോകുന്നത് അതിൻ്റെ ഭക്ഷ്യശൃംഖലയാണ്. ഇവിടുത്തെ ഓരോ ജീവിവര്‍ഗവും മറ്റൊന്നിന്‍റെ ഭക്ഷ്യശൃംഖലയിലെ അംഗങ്ങളാണ്. ഇക്കാര്യം മനുഷ്യന് കാലാകാലങ്ങളായി അറിയാവുന്നതുമാണ്.
എന്നാൽ, തിരിച്ചറിവുണ്ടായിട്ടെന്ത് പ്രയോജനം! മറ്റൊന്നിന്‍റെ ഭക്ഷണം തട്ടി പ്പറിച്ചെടുക്കുന്നതിൽ മനുഷ്യൻ കഴിഞ്ഞേയുള്ളൂ ആരും. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളുടെയൊട്ടാകെ വിമർശനം ഏറ്റുവാങ്ങിയ ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത് സാൻ ഡിയേഗോ തീരത്ത് ഒരു മത്സ്യബന്ധന ചാർട്ടർ ക്രൂ 'അവസരവാദിയായ' മാക്കോ സ്രാവുമായി ഒരു വലിയ ട്യൂണ മത്സ്യത്തിന് വേണ്ടി പോരാടിയെന്ന അടിക്കുറിപ്പോടെയാണ്. അത്യാവശ്യം വലിയ ഒരു ട്യൂണ മത്സ്യത്തെ കടലിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ കാണാൻ കഴിയും. ഇതിൻ്റെ വാലിൽ ഒരു സ്രാവ് കടിച്ചു പിടിച്ചിരിക്കുകയാണ്.
മത്സ്യത്തെ സ്രാവിൻ്റെ വായിൽ നിന്നും ബലം പ്രയോഗിച്ച് വലിച്ചെടുക്കാൻ മൽസ്യത്തൊഴിലാളികൾ ശ്രമിക്കുന്നുണ്ട്. അവസാനം സ്രാവ് ഇരയെ ഉപേക്ഷിച്ച് തിരികെ പോവുകയാണ്.
വീഡിയോ വൈറലായെങ്കിലും വിമർശനം ഏറെയാണ്. മത്സ്യത്തൊഴിലാളികളാണ് 'അവസരവാദികള്‍' എന്നാണ് വിമർശകർ അഭിപ്രായപ്പെട്ടത്. മനുഷ്യരേക്കാൾ അത്യാഗ്രഹികളായി മറ്റൊരു ജീവിയെല്ലെന്നാണ് പലരും പറയുന്നത്.