
നീർക്കോലി മുതൽ വമ്പൻ വിഷ പാമ്പ് വരെ അധിവസിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഒരു വലിയ രാജവെമ്പാലയെ സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(king cobra). ഒരു വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് പാമ്പിനെ പിടികൂടുന്നതെന്ന സവിശേഷതയും ദൃശ്യങ്ങൾക്കുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ വിരമിച്ച ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയുടെ @susantananda3 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പരുത്തിപ്പള്ളി റേഞ്ചിലെ ഓഫീസർ ജി.എസ്. റോഷ്‌നിയാണ് ഈ സാഹസിക ദൗത്യം ഏറ്റെടുത്തത്. ദൃശ്യങ്ങളിൽ ആഴം കുറഞ്ഞ അരുവിയിൽ ഒരു പാമ്പിനെയും അതിനെ പിടികൂടാൻ ശ്രമിക്കുന്ന വനിതാ ഉദ്യോഗസ്ഥയെയും കാണാം. പാമ്പിനെ പിടികൂടുന്ന വടി ഉപയോഗിച്ച് ഭീമാകാരമായ പാമ്പിനെ അവർ സമർത്ഥമായി കൈകാര്യം ചെയ്യുന്നു.
ഉദ്യോഗസ്ഥയുടെ ധൈര്യവും വൈദഗ്ധ്യവും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഭയാനകമായ സാഹചര്യത്തെ ശാന്തമായി നേരിട്ട ഉദ്യോഗസ്ഥ ശ്രമങ്ങൾക്കൊടുവിൽ പാമ്പിനെ വരുതിയിലാക്കി. കാഴ്ചക്കാരായി നിന്നവർ ഉദ്യോഗസ്ഥയ്ക്ക് കരഘോഷം നൽകുന്നതിന്റെ ശബ്‍ദം ദൃശ്യങ്ങളിൽ നിന്നും കേൾക്കാം.
കേരള വനം വകുപ്പിലെ 8 വർഷത്തെ സർവീസിൽ നിന്നും 800-ലധികം വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ വനിതാ ഫോറസ്റ്റ് ബീറ്റ് ഓഫീസറായ ജി.എസ്. റോഷ്‌നി രക്ഷപ്പെടുത്തിയതായാണ് വിവരം. എന്നാൽ ഇത് ആദ്യമായാണ് ഒരു രാജവെമ്പാലയെ നേരിടുന്നത് എന്നത് ശ്രദ്ദേയമാണ്.